സമൂഹം കാലങ്ങളായി ഗൌരവപൂര്‍വം ചര്‍ച്ച ചെയ്യുകയും എന്നാല്‍ വ്യക്തവും കൃത്യവുമായ പരിഹാരം കാണാന്‍ ഇനിയും സാധിക്കാത്തതുമായ ഒരു വിഷയമാണ് സ്ത്രീശാക്തീകരണം. ഈ പ്രയോഗം പലപ്പോഴും പ്രത്യക്ഷത്തില്‍ പുരുഷനോടുള്ള സമരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുക വഴി അവളെ ശക്തയാക്കാനുള്ള ശ്രമങ്ങള്‍ ഭരണതലത്തില്‍ തന്നെ വര്‍ഷങ്ങളായി നടന്നുവരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്ന 50 ശതമാനം സംവരണം.
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ യോഗ്യരായ വനിതാ പ്രതിഭകളെ തേടിയലയുകയാണ് പല മണ്ഡലങ്ങളും. അടുക്കളയും അകത്തളവും മാത്രം കണ്ടുശീലിച്ചവരാണല്ലോ വീട്ടമ്മമ്മാരില്‍ അധിക പേരും. കല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റിലും മുഖം കാണിക്കുന്നവരാണ് അവരില്‍ കൂടുതലും. ആനുകാലിക വിഷയങ്ങളോ രാഷ്ട്രീയ ഗതിവിഗതികളോ ഭരണ നേതൃതലങ്ങളിലെ പ്രശ്നങ്ങളോ ഈ കുടുംബിനികള്‍ക്കിടയില്‍ ചര്‍ച്ചയാവാറില്ല എന്നതുകൊണ്ട്, ഗൌരവതരമായ സാമൂഹിക വിഷയങ്ങള്‍ ഇവര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക അസ്ഥാനത്തല്ല.
മുസ്ലിം സ്ത്രീകളുടെ അവസ്ഥ ഈ വിഷയത്തില്‍ ഏറെ പരിതാപകരമാണ്. സാമൂഹികവും ആനുകാലികവുമായ ഒരു വിഷയത്തിനും അവരില്‍ ഭൂരിഭാഗത്തിന്റെയും ചിന്താ മണ്ഡലങ്ങളില്‍ ഇടമില്ല. ആഡംബരവും അലങ്കാരവുമാണവരുടെ ചര്‍ച്ചാ വിഷയം. പത്രവായനപോലും കഷ്ടി. അതുള്ളവരാകട്ടെ ചരമകോളവും അപകടമരണങ്ങളും പിന്നെ സ്വര്‍ണത്തിന്റെ വിലയും മാത്രം നോക്കുന്നു. എഡിറ്റോറിയലും ലേഖനങ്ങളും ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ അടങ്ങുന്ന പേജുകളും അവരുടെ ലോകത്തിന് അന്യമാണ്.
അജ്ഞതാന്ധകാരത്തില്‍ ആപതിച്ചു കിടന്ന മുസ്ലിം സ്ത്രീസമൂഹത്തെ വൈജ്ഞാനിക സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പാകത്തില്‍ വളര്‍ത്തിയെടുക്കാന്‍ സ്ത്രീകള്‍ക്കിടയില്‍ ബോധവല്‍ക്കരണ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഇസ്ലാമിന് സമൂഹത്തിന്റെ അര്‍ധാംശമായ സ്ത്രീവിഭാഗത്തെ മാറ്റി നിര്‍ത്തുക സാധ്യമായിരുന്നില്ല. സ്ത്രീ പുരുഷന്റെ പാതിയും പങ്കാളിയുമാണ്. സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ അവന്റെ താങ്ങും തണലും കരുത്തും കഴിവുമാണവള്‍. ഈ പ്രാധാന്യം മനസ്സിലാക്കി ഇസ്ലാമിക മാതൃകയുടെ പൈതൃകം ശൈലിയായി സ്വീകരിച്ചുകൊണ്ട് അവളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ നേര്‍ കാഴ്ചകളാണ് പള്ളികളിലും ഈദ്ഗാഹുകളിലും സാംസ്കാരിക വൈജ്ഞാനിക വേദികളിലുമുള്ള അവളുടെ നിറസാന്നിധ്യം.
വനിതാ രംഗത്തെ ഈ ഉണര്‍വ് ആശ്വാസകരമാണെങ്കില്‍ കൂടി സമൂഹത്തിന്റെ മറുപാതിയായ പുരുഷനെ പോലെ വൈജ്ഞാനികമായും ചിന്താപരമായും ഉയരാന്‍ അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ അവള്‍ ഇന്നനുഭവിക്കുന്ന തളര്‍ച്ചയുടെ വിവിധ തലങ്ങള്‍ കീറി മുറിച്ചു പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നാളിതുവരെ അവളാര്‍ജിച്ചെടുത്ത കര്‍മശേഷി പ്രയോഗവല്‍ക്കരിക്കാനുള്ള പശ്ചാത്തലം ഒരുങ്ങി വന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വനിതാ പ്രതിഭകളുടെ ദൌര്‍ലഭ്യം ഒരു പ്രശ്നമായി അവശേഷിക്കുന്ന ഈ വേളയില്‍, ശാക്തീകരണത്തിന്റെ പ്രായോഗിക വഴികളെ കുറിച്ച ഗഹനവും ഗൌരവ പൂര്‍ണവുമായ ചിന്ത അനിവാര്യമായി വരുന്നു.
ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കും വികാസത്തിനും അവശ്യം ആവശ്യമാണ് മനുഷ്യ വിഭവശേഷി. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സമൂഹം നടത്തുന്ന മുന്നേറ്റങ്ങള്‍ക്കൊപ്പം കുതിക്കാന്‍ വനിതകള്‍ക്ക് കഴിയണമെങ്കില്‍ സമൂഹത്തിന്റെ അര്‍ധാംശമായ സ്ത്രീവിഭവ ശേഷി കൃത്യമായ ആസൂത്രണ സമാഹരണ വിന്യാസത്തോടെ സ്വരൂപിക്കാന്‍ കഴിയേണ്ടതുണ്ട്.
സ്ത്രീശാക്തീകരണവും വിപ്ളവവും പൊട്ടിമുളക്കേണ്ടത് സ്ത്രീമനസ്സുകളില്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് സ്വായത്തമാകേണ്ട ഒന്നല്ല ശാക്തീകരണം എന്ന തിരിച്ചറിവാണ് ആദ്യമായി സ്ത്രീകള്‍ക്കുണ്ടാവേണ്ടത്.
തിരിച്ചറിവ്
ഒന്നാമതായി വേണ്ടത് സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവാണ്. ചരിത്രാതീത കാലം മുതല്‍ തന്നെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ പുരുഷന്റെ ഒരുപടി താഴെയായി ഗണിക്കപ്പെട്ടവരാണ്. സൃഷ്ടിപരമായി ഇരുകൂട്ടരും തുല്യമാണെന്നംഗീകരിക്കാന്‍ കാലങ്ങളായി നിലനില്‍ക്കുന്ന പുരുഷ മേല്‍ക്കോയ്മ കാരണം സമൂഹം മടിക്കുന്നു. 'പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യ കര്‍ത്താക്കളാണ്' എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അതൊരിക്കലും പുരുഷന് സ്ത്രീയുടെ മേലുള്ള അമിതാധികാരമോ അധികാധികാരമോ അടിച്ചേല്‍പിക്കലല്ല. പുരുഷന് അല്ലാഹു പ്രത്യേകമായി നല്‍കിയിട്ടുള്ള സവിശേഷതകളും അവന്റെ ചുമലില്‍ ഏല്‍പിക്കപ്പെട്ട സാമ്പത്തിക ഉത്തരവാദിത്വവുമാണ് അതിന് കാരണമായി ഖുര്‍ആന്‍ ചൂണ്ടി കാണിക്കുന്നത്. അവളുടെ മേല്‍ അനാവശ്യവും അനാരോഗ്യകരവുമായ അധികാരം പ്രയോഗിക്കാനുള്ള ഉപാധിയല്ല അത്. അവളുടെ സംരക്ഷകനും കാവല്‍ക്കാരനുമാണ് പുരുഷന്‍.
ഇസ്ലാമിക വിധി പ്രകാരം സ്ത്രീയെന്നും പുരുഷന്റെ സംരക്ഷണത്തിലാണ്. എന്നാല്‍ പടച്ചതമ്പുരാന്റെ സൃഷ്ടി എന്ന നിലയില്‍ പുരുഷനെ പോലെ തന്നെ അഭിപ്രായ-വീക്ഷണ സ്വാതന്ത്യ്രവും ചിന്താപരമായ വ്യക്തിത്വവും സ്ത്രീയുടെയും അവകാശമാണ്. പുരുഷന്റെ സംരക്ഷണ ചിറകിന്‍ കീഴിലാണ് എന്നത്, സ്വന്തവും സ്വതന്ത്രവുമായ അവളുടെ വ്യക്തിത്വത്തിനോ വ്യക്തവും കൃത്യവുമായ നിലപാടുകള്‍ക്കോ വ്യത്യസ്തമായ വീക്ഷണങ്ങള്‍ക്കോ തടസ്സമല്ല എന്നതിന് ഇസ്ലാമിക ചരിത്രത്തിലെ മഹത് വനിതകളുടെ ധീരോദാത്തമായ ജീവചരിത്രം സാക്ഷിയാണ്. പുരുഷനില്‍ നിന്ന് ലഭിക്കേണ്ട സംരക്ഷണവും അംഗീകാരവും ആവശ്യമായ അളവില്‍ അനുഭവിക്കുകയും ഒപ്പം സ്വന്തവും സ്വതന്ത്രവുമായ വ്യക്തിത്വവും വ്യക്തിപ്രഭാവവും കാഴ്ച വെക്കുകയും ചെയ്ത അവര്‍ പുരുഷന്റെ സംരക്ഷണത്തിനു കീഴില്‍ ഒതുങ്ങിക്കൂടി കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് മാറി നിന്നവരായിരുന്നില്ല.
സ്രഷ്ടാവായ തമ്പുരാന്‍ പുരുഷനെന്ന പോലെ സ്ത്രീക്കും ധാരാളം കഴിവുകളും ഗുണങ്ങളും നല്‍കിയിട്ടുണ്ട്. പ്രസ്തുത സവിശേഷതകളെ നട്ടുവളര്‍ത്തി സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞവരായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീരത്നങ്ങള്‍. പടച്ചവന്റെ മാര്‍ഗത്തില്‍ പ്രവാചകനും അനുയായികളും സഞ്ചരിച്ച പാതകളിലെല്ലാം സ്ത്രീസാന്നിധ്യം ദൃശ്യമായിരുന്നു. വിജ്ഞാന സദസ്സുകളും പള്ളി അങ്കണങ്ങളും മുതല്‍ രണാങ്കണങ്ങള്‍ വരെ നീളുന്നതായിരുന്നു അവരുടെ പങ്കും പങ്കാളിത്തവും. അവര്‍ക്ക് തന്റേടത്തോടെ സംസാരിക്കാനും വീക്ഷണങ്ങള്‍ പങ്കുവെക്കാനും കരുത്തേകിയത് അല്ലാഹുവിന്റെ വചനവും നബിചര്യയുമായിരുന്നു.
അല്ലാഹു അനുവദിച്ചു തന്ന സൃഷ്ടിപരമായ ഈ തുല്യത മനസ്സിലാക്കി, സ്വന്തം ഗുണങ്ങളും കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കാന്‍ സ്ത്രീകള്‍ തയാറാകണം. ഇത്തരത്തില്‍ സ്വന്തം അസ്ഥിത്വവും വ്യക്തിത്വവും തിരിച്ചറിഞ്ഞ് സ്വയം മാറാന്‍ തയാറാകാത്തേടത്തോളം അല്ലാഹു അവളില്‍ ഒരു മാറ്റവും വരുത്തുകയില്ല എന്ന സത്യം സ്ത്രീ തിരിച്ചറിയുക.
സമൂഹത്തിന്റെ കാഴ്ചപ്പാട്
സ്രഷ്ടാവ് നല്‍കിയ സ്ത്രീയുടെ അവകാശങ്ങളും തുല്യതയും വകവെച്ചു നല്‍കാന്‍ പുരുഷ മേല്‍ക്കോയ്മ പലപ്പോഴും അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ സ്ത്രീയുടെ അഭിപ്രായങ്ങളും ചിന്തകളും വീക്ഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. നയനിലപാടുകള്‍ രൂപവത്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പുരുഷന്‍ എന്ന അലിഖിത നിയമം കുടുംബ സംവിധാനത്തില്‍ പോലും സ്ത്രീയുടെ പങ്കാളിത്തത്തെ മറച്ചു കളയുന്നു. സ്വാഭാവികമായി സ്ത്രീ തന്റെ സ്ഥിരം ലോകമായി അടുക്കളയും അകത്തളവും തെരഞ്ഞെടുക്കുന്നു.
ഈ പതിതാവസ്ഥയാണ് ഒരു പരിധിവരെ അവളെ അന്തര്‍മുഖിയും അലസയുമാക്കിക്കളഞ്ഞത്. വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ അവള്‍ അടിക്കടി പുരോഗമിക്കുമ്പോഴും സാമൂഹിക സംസ്കരണ മേഖലയില്‍ ധാര്‍മികമായ ഉത്തരവാദിത്വ നിര്‍വഹണത്തിന് വേണ്ടി സ്വയം വളരാനും ഉയരാനുമുള്ള വേദികള്‍ ഉപയോഗപ്പെടുത്താന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്നത് സമൂഹം അവളെ കുറിച്ച് കാലങ്ങളായി വെച്ചു പുലര്‍ത്തുന്ന ഈ വികലമായ കാഴ്ചപ്പാട് മൂലമാണ്. പുരുഷന് പുറം ലോകവും പെണ്ണിന് അകത്തളവും എന്ന് തീരുമാനിക്കുകയും അത്തരം ഒരു മാനസികാവസ്ഥയിലേക്ക് പെണ്ണിനെ മാറ്റിയെടുക്കുകയും ചെയ്യുന്നതില്‍ സമൂഹം വിജയിക്കുകയും ചെയ്തു. സ്വാഭാവികമായും സമൂഹത്തിന്റെ മുഖ്യധാര പോയിട്ട് നടുവിലെ സീറ്റിലേക്ക് പോലും അവള്‍ കയറിയിരുന്നില്ല. പിന്‍ സീറ്റുകൊണ്ടവള്‍ തൃപ്തിപ്പെട്ടു. ഫലമോ, കാലത്തിന്റെയും ലോകത്തിന്റെയും സ്പന്ദനമറിയാതെ, തലമുറയുടെ ചലനം ഗ്രഹിക്കാതെ ഗൌരവതരമായ ചര്‍ച്ചകളില്‍ നിന്നവള്‍ ഒഴിഞ്ഞു മാറി.
സാഹചര്യവും അവസരവുമാണ് സ്ത്രീകളെ കര്‍മോത്സുകരാക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചുകൊടുത്തുകൊണ്ട് അവസരങ്ങള്‍ നല്‍കിയാല്‍ സ്ത്രീകള്‍ക്ക് ഏതു മേഖലയിലും ശോഭിക്കാന്‍ കഴിയും. നെഹ്റുവിന്റെ തണലില്‍ വളര്‍ന്ന് ഇന്ദിര, രാജീവ് ഗാന്ധിയുടെ ഓരംപറ്റി നിന്ന് അവസരത്തിനൊത്ത് ഉയരാന്‍ പക്വത നേടിയ സോണിയ, ആര്‍ജവത്തിന്റെ സ്ത്രീ ശബ്ദം കമലാ സുറയ്യ, വൃന്ദാ കാരാട്ട്, ബേനസീര്‍ ഭൂട്ടോ, വിപ്ളവ ബോധത്തിന്റെ സ്ത്രീ സാന്നിധ്യം അജിത, പി. വല്‍സല, വന്ദന ശിവ, മേധാ പട്കര്‍, അരുന്ധതി റോയ് തുടങ്ങി ശ്രദ്ധേയരായ ഒട്ടനവധി വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് നമ്മുടെ കാലത്ത്.
ബോള്‍ഡ് ആവുക
ഈ രീതിയില്‍ ബഹുമുഖ പ്രതിഭയായി വളരാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ നിര്‍ഭയരായിരിക്കണം. കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെയോ രാഷ്ട്രങ്ങളിലെയോ പെണ്‍കുട്ടികളെ പോലെ ധീരത കാണിക്കുന്നില്ല. തമിഴ്നാട്ടിലെ ഒരു പത്താം ക്ളാസ്സുകാരി പെണ്‍കുട്ടി പ്രകടിപ്പിക്കുന്ന യീഹറില കേരളത്തിലെ ഒരു പി.ജി പെണ്‍കുട്ടിക്കില്ല എന്ന് ഒരു അഭിമുഖത്തില്‍ സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ രേവതി സൂചിപ്പിക്കുകയുണ്ടായി. ചെറുപ്പം മുതല്‍ കേട്ടുപഠിച്ച വിധേയത്വത്തിന്റെ പാഠങ്ങള്‍ നമ്മുടെ പെണ്‍മക്കളെ അന്തര്‍മുഖികളും പ്രതികരണശേഷി നഷ്ടപ്പെട്ടവരുമാക്കി.
സാമൂഹിക ബന്ധം
ശാക്തീകരണ പ്രവര്‍ത്തനം കാര്യക്ഷമമാകാന്‍ ദൃഢവും ആരോഗ്യകരവുമായ സാമൂഹിക ബന്ധം അനിവാര്യമാണ്. ഗൃഹസന്ദര്‍ശനം, രോഗി സന്ദര്‍ശനം, മരണവീട് സന്ദര്‍ശനം, അത്യാഹിത ഘട്ടങ്ങളിലെ സേവനം തുടങ്ങി സാമൂഹിക ബന്ധം ദൃഢപെടുത്താനുതകുന്ന രീതിയില്‍ ഇതര സമുദായംഗങ്ങളുമായി സൌഹൃദ ബന്ധം സ്ഥാപിക്കുകയും പ്രശ്നങ്ങളിലിടപെടുകയും ചെയ്തുകൊണ്ടുള്ള ഇഴുകി ചേര്‍ന്ന ഒരു സമീപനമാണ് സ്ത്രീകള്‍ക്കുണ്ടാകേണ്ടത്. ഇതര മത വിശ്വാസികളുമായും അവരുടെ കുടുംബങ്ങളുമായും അടുപ്പവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ കഴിയുക. വര്‍ഗീയ സാമുദായിക സംഘര്‍ഷങ്ങളുണ്ടാകുന്ന അവസരത്തില്‍ അതിന് ഇരകളായവരെ സമാശ്വാസിപ്പിക്കാനും അവരുടെ കുടുംബങ്ങളില്‍ സമാധാന ദൂതരായി കടന്നുചെല്ലാനും കഴിയുക സ്ത്രീകള്‍ക്കാണ്. പ്രാദേശികമായി ഇടപെടാവുന്ന പ്രശ്നങ്ങളില്‍ പങ്കാളിത്തം വഹിച്ചുകൊണ്ട് ജനസമ്മതി നേടിയെടുക്കാനും ജനങ്ങളിലൊരാളായി മാറാനും സ്ത്രീകള്‍ക്ക് കഴിയണം.
ധാര്‍മികതയുടെ ശബ്ദവും സദാചാരത്തിന്റെ ഇശലുകളും സമൂഹത്തിലെത്തിക്കണമെങ്കില്‍ പ്രാദേശിക സ്ത്രീ കൂട്ടായ്മകള്‍ സജീവമാകണം. ഇത്തരം കൂട്ടായ്മകളിലൂടെ വളര്‍ന്നവരാണ് സമുദായത്തിന്റെ മുന്‍നിര നായികമാര്‍. ഇത്തരം വേദികളില്‍ പഠിച്ചും പറഞ്ഞും പരിചയിച്ചു വളരുമ്പോള്‍ സമൂഹത്തോട് സംവദിക്കാനുള്ള പ്രാപ്തി നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. ആശയ സംവേദനത്തിന്നാവശ്യമായ പ്രസംഗവും എഴുത്തുമൊക്കെ പരിശീലിക്കാന്‍ ഈ കൂട്ടായ്മകളില്‍ അവസരമൊരുക്കേണ്ടതുണ്ട്. ആരും തന്നെ പ്രസംഗകരും എഴുത്തുകാരുമായി പിറന്നു വീഴുന്നവരല്ല. ഉല്‍ക്കടമായ ആഗ്രഹവും തീവ്രമായ പരിശ്രമവും ആത്മാര്‍ഥമായ പ്രാര്‍ഥനയും കൊണ്ടു നേടിയെടുക്കാവുന്നതാണ് ഈ കഴിവുകള്‍.
സംസാരിച്ചു പഠിക്കാന്‍ വേദികളും എഴുതിത്തെളിയാന്‍ മാധ്യമങ്ങളും സംഘാടന മികവ് മെച്ചപ്പെടുത്താന്‍ പരിപാടികളും ഇന്ന് ധാരാളമുണ്ട്. 'സ്ത്രീകള്‍ക്ക് സ്വന്തം' എന്ന തലക്കെട്ടില്‍ വനിതാ മാസികകള്‍ ജന്മമെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പേജുകള്‍ വനിതാ എഴുത്തുകാരുടെ സൃഷ്ടികള്‍കൊണ്ട് നിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോകുന്നു എന്നത് അത്യന്തം ഖേദകരമാണ്. സ്ത്രീ സൌന്ദര്യവും വേഷവും അലങ്കാരവും പൊടിപ്പും തൊങ്ങലും വെച്ച് ചര്‍ച്ച നടത്തുന്ന പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കാനോ സംസാരിക്കാനോ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. കാരണം സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള ആഗ്രഹം പോലും അസ്തമിച്ചവരായി മാറിയിരിക്കുന്നു മൊത്തത്തില്‍ സ്ത്രീ വിഭാഗം.
കര്‍മപഥത്തില്‍ കയറി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഇപ്പോഴും ക്യൂവിന്റെ മുന്നിലേക്ക് അല്‍പം പോലും കയറി നില്‍ക്കാന്‍ ആയിട്ടില്ലെങ്കില്‍ കാലം നമ്മിലെന്തു പരിവര്‍ത്തനമുണ്ടാക്കി എന്ന് ഓരോരുത്തരും ആത്മവിചിന്തനം നടത്തട്ടെ. വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചക്ക് എന്തു സംഭാവന നല്‍കാന്‍ നമുക്ക് കഴിഞ്ഞു എന്ന് ഓരോ സ്ത്രീയും ചിന്തിക്കുക.
ഒരു വിശ്വാസി ഈ ലോകത്ത് നിന്ന് വിട പറയുക എന്നെന്നും ഓര്‍മിക്കാവുന്ന കുറെ നല്ല അടയാളങ്ങള്‍ സമൂഹത്തില്‍ അവശേഷിപ്പിച്ചുകൊണ്ടായിരിക്കും. അടുക്കളയിലെയും വീടകങ്ങളിലെയും കൃത്യമായ സാന്നിധ്യം കൊണ്ട് മാത്രം അവിസ്മരണീയമായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാന്‍ നമുക്ക് കഴിയില്ല. ചരിത്രത്തിലെ മഹദ് വനിതകളൊക്കെയും സ്മരിക്കപ്പെടുന്നത് അവര്‍ പ്രകടിപ്പിച്ച സ്തുത്യര്‍ഹമായ സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും മായാത്ത ചിത്രങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടു തന്നെയാണ്.
സമ്പന്നയും കുലീനയുമായ ഖദീജ(റ) സ്മരിക്കപ്പെടുന്നത്, പ്രവാചകന്റെ ഇണയും തുണയുമായി അവര്‍ ചേര്‍ന്ന് നിന്നതുകൊണ്ടാണ്. മാതാവിന്റെ സ്നേഹവും സഹധര്‍മിണിയുടെ സാമീപ്യവും വിശ്വാസിനിയുടെ കരുത്തും പകര്‍ന്ന് നല്‍കി പ്രവാചകനെ താങ്ങിനിര്‍ത്തി പരിചരിച്ചതിലൂടെയാണ് അവര്‍ മഹതിയാകുന്നത്. തറവാടിന്റെയോ കുടുംബ മഹിമയുടെയോ അടിസ്ഥാനത്തിലല്ല അവര്‍ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടുന്നത്.
മഹതിയായ ആസ്യ(റ) ഒരു രാജ്ഞി എന്ന നിലയിലല്ല നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നത്. ലൌകികമായ സുഖങ്ങളും ഭൌതികമായ ആഡംബരങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് അല്ലാഹുവിനോട് സ്വര്‍ഗം ചോദിച്ചു വാങ്ങിയ സ്രഷ്ടാവിന്റെ പ്രിയ ദാസി എന്ന നിലക്കാണ്.
ആഇശ(റ) പ്രവാചകന്റെ സഹധര്‍മിണി എന്നതിലുപരിയായി പണ്ഡിതയും വാഗ്മിയും അധ്യാപികയും വൈദ്യശാസ്ത്ര വിദഗ്ധയും യോദ്ധാവും ഒക്കെയായി തന്റേതായ വ്യക്തിപ്രഭാവം പ്രകടിപ്പിച്ചതിലൂടെയാണ് ചരിത്രത്തില്‍ ശ്രദ്ധേയയാവുന്നത്.
ഇങ്ങനെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നേടിയ എല്ലാ സ്ത്രീകളും അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റിയെടുത്തുകൊണ്ട് സമൂഹത്തിന് സംഭാവനകള്‍ അര്‍പ്പിച്ചവരാണ്.
സ്ത്രീ കൂട്ടായ്മ
ഈ തളര്‍ച്ചയും അലസതയും മാറ്റിയെടുക്കാന്‍ വേണ്ടത് സജീവമായ സ്ത്രീ കൂട്ടായ്മകളാണ്. രാഷ്ട്രീയ സംഭവങ്ങളും സാമുദായിക പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രാദേശിക സംഘങ്ങളാണ് വേണ്ടത്. അനുദിനം പുതിയ വിഷയങ്ങള്‍ ഉടലെടുക്കുന്നു. അവയിലുള്ള സ്ത്രീകളുടെ അവഗാഹം എത്രത്തോളമെന്ന് വിലയിരുത്തേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ വളരെ വിരളമാണ്. നമ്മുടെ പരമ്പരാഗത കാഴ്ചപ്പാടനുസരിച്ച് പുറം ലോകത്തെ വിഷയങ്ങള്‍ പുരുഷനുള്ളതാണല്ലോ. അടുത്ത കാലത്തായി മലയാളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളും ഇത്തരം നൂതന വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടത്താറുണ്ട്. വനിതകള്‍ക്കിടയില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ വായനയും ചര്‍ച്ചയും തദ്വിഷയങ്ങളിലുള്ള ചിന്തയും നടക്കേണ്ടതുണ്ട്. അതിനുള്ള വേദികള്‍ക്ക് പ്രാദേശിക അടിസ്ഥാനത്തില്‍ തന്നെ രൂപം കൊടുക്കാന്‍ സ്ത്രീകള്‍ തയാറാകണം.
പുതിയ വിഷയങ്ങള്‍ പഠിക്കുമ്പോഴാണ് നമ്മില്‍ പുതിയ ചിന്തകള്‍ ഉണ്ടാവുക. അത് പുതിയ വീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കും. അത്തരം വീക്ഷണങ്ങളാണ് പ്രസംഗ രൂപത്തിലും ലേഖന രൂപത്തിലും ഉല്‍പന്നങ്ങളായി പുറത്ത് വരിക. പ്രാദേശിക തലത്തില്‍ ഇങ്ങനെ കൂട്ടായ ചര്‍ച്ചകളിലൂടെയും ചിന്തകളിലൂടെയും പുതിയ സൃഷ്ടികള്‍ രൂപപ്പെടട്ടെ. അതിലൂടെ പ്രസംഗകരും എഴുത്തുകാരുമായ പുതിയ പ്രതിഭകളും ബഹുസ്വര സമൂഹത്തോട് സംവദിക്കാന്‍ അറിവും കഴിവും പക്വതയുമുള്ള സ്ത്രീരത്നങ്ങളും വളര്‍ന്നു വരട്ടെ.
ചിന്താശേഷി
ഇതിനാകട്ടെ നമുക്ക് വേണ്ട അവശ്യ ഗുണമാണ് ചിന്ത. സമൂഹത്തിലെ മുന്‍നിര നായകര്‍ ഓരോരുത്തരായി വിടപറയുമ്പോള്‍, ചിന്തകരുടെ ദൌര്‍ലഭ്യം നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ചിന്തയും വിശാല വീക്ഷണവും പുതിയ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം വായനയുടെയും പഠനത്തിന്റെയും അഭാവം തന്നെയാണ്. വായനയിലൂടെയും ചിന്തയിലൂടെയും സ്വയം വളരാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും വിഷയ ദാരിദ്യ്രം അനുഭവിക്കുകയില്ല. ആകാശത്തിനു താഴെയുള്ളതെന്തും അവര്‍ക്ക് ചര്‍ച്ചാ വിഷയവും പഠന ഗവേഷണ നിമിത്തവുമായിരിക്കും. ലഭ്യമാകുന്ന വേദികളും മാധ്യമങ്ങളും യഥാവിധി മത്സരബുദ്ധിയോടെ അവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. സമൂഹത്തിന്റെ പൊതുധാരയെ കുറിച്ചുള്ള പരന്ന അറിവ്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകേണ്ടുന്ന വിശാലമായ കാഴ്ചപ്പാട്, ഉത്തരവാദിത്വ ബോധമുണര്‍ത്തുന്ന ശക്തമായ അവബോധം ഇവയൊക്കെയും രൂപപ്പെടുന്നത് ആഴത്തിലുള്ള ചിന്തയില്‍ നിന്നാണ്.
ബഹുസ്വര സമൂഹത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരം തന്നെയാണ്. കേവല വിദ്യാഭ്യാസം കൊണ്ടതു സാധിക്കുകയില്ല. സമൂഹത്തിന്റെ സ്പന്ദനവും സമുദായങ്ങളുടെ നാഡിമിടുപ്പും ഗ്രഹിച്ചാല്‍ മാത്രമേ പ്രബോധിതരുടെ മനശ്ശാസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിയൂ. പുരുഷ വിഭാഗം ഈയര്‍ഥത്തില്‍ ഏറെ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സമൂഹത്തിന്റെ അര്‍ധാംശം കിതച്ചും വലിച്ചും മുന്നോട്ട് പോകാനാകാതെ തളരുന്നത് ഭൂഷണമല്ല.